സത്യാർഥ പ്രകാശം പഠനവേദി ഗ്രൂപ്പിൽ ഈശ്വരന്റെ നൂറുനാമങ്ങളുടെ വ്യാഖ്യാനത്തിനിടെ ‘പരമേശ്വരൻ‘ എന്ന നാമത്തെ വിവരിച്ചപ്പോൾ ‘കഠോപനിഷത്തിലെ (6.17)’ ഒരു മന്ത്രം ചിത്രസഹിതം കൊടുത്തിരുന്നു. അതിൽ ‘അംഗുഷ്ടം‘ എന്ന വിശേഷണം എന്താണെന്ന് ഒരു ജിജ്ഞാസു ചോദിച്ചതിനുള്ള മറുപടിയാണിത്. മന്ത്രം ഇപ്രകാരമാണ്.

അംഗുഷ്ഠമാത്ര: പുരുഷോfന്തരാത്മാ
സദാ ജനാനാം ഹൃദയേ സന്നിവിഷ്ടഃ
തംസ്വാത് ശരീരാത് പ്രവൃഹേ മുഞ്ജാ ദിവേഷികാം
തം വിദ്യാത് ശുക്രമമൃത മിതി. (കഠോപനിഷത്ത് 6.17)

അന്തരാത്മാ = ആത്മാവിനുള്ളിലെ
അംഗുഷ്ഠമാത്ര പുരുഷഃ = പരമാത്മാവ് പെരുവിരലിനോളം വലിപ്പമുള്ളതാണ്.
സദാ ജനാനാം = എല്ലായ്പ്പോഴും ജനങ്ങളുടെ
ഹൃദയേ സന്നിവിഷ്ഠഃ = ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു.
തം സ്വാത് ശരീരാത് = അതിനെ തന്റെ ശരീരത്തിൽ നിന്നും
മുഞ്ചാത് ഇഷികാം ഇവ = മുഞ്ഞപുല്ലിൽ നിന്നും അതിന്റെ ഞരമ്പിനെ എന്ന പോലെ
ധൈര്യേണ പ്രവൃഹേത് = ബുദ്ധി ഉപയോഗിച്ച് വേർപെടുത്തണം.
തം ശുക്രം അമൃതം വിദ്യാത്. = ആ ജ്യോതിസ്വരൂപനായ പുരുഷനെ അറിയണം.

ആത്മാവിനുള്ളിൽ പരമാത്മാവിന് പെരുവിരലിനൊപ്പം പരിമാണമുള്ളതാണ്. അത് എല്ലായ്പ്പോഴും ജനങ്ങളുടെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു. മസ്തിഷ്ക്കാർത്ഥ ഗോളങ്ങളുടെ മുമ്പിൽ മദ്ധ്യഭാഗത്തായി പീയൂഷ ഗ്രന്ഥിക്കു സമീപം തള്ളവിരലിനൊപ്പം വലിപ്പമുള്ള ത്രിഭുജാ കൃതിയിലുള്ള ഒരു ഹൃദയ ഗുഹയിൽ (cavity) ജീവാത്മാവിന്റെയുള്ളിൽ (അന്തരാത്മാ) പരമാത്മാവ് അനുഭവവേദ്യമാകുന്നു . മുഞ്ഞ പുല്ലിൽ നിന്നും അതിന്റെ ഞരമ്പിനെ ശ്രദ്ധാപൂർവ്വം വേർതിരിക്കുന്നതു പോലെ അതിനെ ശരീരത്തിൽ നിന്നും വേർപെടുത്തി പഠനത്തിനു വിധേയമാക്കണം. അതായത് തന്റെ ആത്മാവിൽ നിന്നും ഭിന്നമായി ആ അമൃതസ്വരൂപനെ അറിയണം അനുഭവിക്കണം.

അപ്രകാരം യാതൊരുവൻ അനുഭവിക്കുന്നുവോ അവൻ പരമാത്മപദത്തെ, അമൃതത്വത്തെ പ്രാപിക്കുന്നു.
ജീവാത്മാവിന്റെ നിവാസസ്ഥാനം വക്ഷസ്ഥലീയ ഹൃദയമാണോ അതോ മസ്തിഷ്ക്കീയ ഹൃദയമാണോ എന്നതിന് ആചാര്യന്മാരുടെ ഇടയിൽ രണ്ടഭിപ്രായമുണ്ടെങ്കിലും യുക്തിക്കും ആയുർവേദ ആചാര്യ മാരുടെയും അഭിപ്രായത്തിനും നിരക്കുന്നത് മസ്തിഷ്ക്കീയ ഹൃദയമാണെന്നതാണ്.
കൂടാതെ ഇതേ ഉപനിഷത്തിൽ ഇതിനു തൊട്ടു മുമ്പുള്ള ശതം ചൈ കാ ച ഹൃദയസ്യ നാഡ്യഃ എന്ന മന്ത്രത്തിൽ ഹൃദയവുമായി ബന്ധിപ്പിക്കുന്ന നൂറ്റി ഒന്ന് നാഡികളെ ക്കുറിച്ചു പറയുന്നു. അതിൽ പ്രധാന നാഡിയാണ് സുഷുമ്ന. നൂറ്റി ഒന്നു നാഡികളിൽ ഒരെണ്ണം മൂർദ്ധാവിലേക്കു പോകുന്നു. മരണ സമയം അതിലൂടെ മുകളിലേക്കു പോകുന്ന ജീവൻ അമൃതത്തിലെത്തുന്നു എന്ന പ്രസ്താവം കാണുന്നു. എന്നാൽ ഇത്രയും നാഡികൾ വക്ഷസ്ഥലീയ ഹൃദയത്തിൽ ഇല്ല. ഈ ഹൃദയവുമായി ബന്ധിച്ചിരിക്കുന്നത് സിരകളും ധമനികളുമാണ്. അശുദ്ധ രക്തം സ്വീകരിക്കുകയും(ഹൃ=ഹരണാത്) ശുദ്ധരക്തം ദാനം ( ദ = ദാനത്) ചെയ്യുകയും ശരീരത്തെ യമത്തിൽ ( യമ് = യമാത്) നിർത്തുകയും ചെയ്യുന്ന ഒരുപകരണമായതുകൊണ്ട് ഹൃദയമെന്ന നാമം ഇതിനും യോജിക്കുന്നു എന്നു മാത്രം. എന്നാൽ ഇവിടെ ഹൃദയം എന്നു പറഞ്ഞിരിക്കുന്നത് നൂറ്റി ഒന്നുനാഡികളുള്ള, ശരീരത്തിന്റെ നിയന്ത്രണ കേന്ദ്രവുമായ മസ്തിഷ്ക്കീയ ഹൃദയമാണെന്ന് ധരിക്കണം. ആ ഹൃദയത്തിന്റെ പരിമാണം അംഗുഷ്ഠ മാത്രയാണ്.🙏
(അവലംബം: പ്രസിദ്ധ ആര്യ പണ്ഡിതനായിരുന്ന മഹാത്മാ നാരായണ സ്വാമിയുടെ ‘ഉപനിഷത് രഹസ്യം’ എന്ന ഹിന്ദി ഗ്രന്ഥം)


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ

Image Courtesy:Rush.edu


You cannot copy content of this page