✍️ കെ. എം. രാജൻ മീമാംസക്

വേദജ്ഞാനത്തിന്റെ വെളിച്ചത്തിൽ നവോത്ഥാനത്തിന് വഴിതെളിച്ച മഹർഷി.

ഭാരതീയ നവോത്ഥാന ചരിത്രത്തിൽ അനശ്വരമായ സ്ഥാനം നേടിയ മഹാത്മാവാണ് മഹർഷി ദയാനന്ദസരസ്വതി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സാമൂഹിക അനീതികൾക്കുമെതിരെ വേദപ്രമാണങ്ങളുടെ വെളിച്ചത്തിൽ സത്യത്തിന്റെയും യുക്തിയുടെയും സന്ദേശമുയർത്തിയ മഹാനായ ഋഷിവര്യനായിരുന്നു അദ്ദേഹം.

“വേദങ്ങളിലേക്ക് മടങ്ങുക” എന്ന ആഹ്വാനത്തിലൂടെ ഭാരതീയ സമൂഹത്തെ അതിന്റെ വൈദിക പൈതൃകത്തിലേക്ക് നയിക്കാൻ അദ്ദേഹം പരിശ്രമിച്ചു. ജഡവസ്തുക്കളെ പൂജിക്കുക, ജാതിവിവേചനം, ബാലവിവാഹം, സ്ത്രീവിദ്യാഭ്യാസ നിഷേധം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നിലകൊണ്ടു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ വിദ്യാഭ്യാസാവകാശവും വേദാധ്യയനാവകാശവും അദ്ദേഹം ഉയർത്തിപ്പിടിച്ചു.

1875-ൽ ആര്യസമാജം സ്ഥാപിച്ചുകൊണ്ട് വൈദിക ധർമ്മത്തിന്റെ പുനരുജ്ജീവനത്തിനും ദേശീയ ബോധത്തിന്റെ വളർച്ചയ്ക്കും പുതിയ ദിശാബോധം നൽകി. അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തനങ്ങളും ഭാരതത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക നവോത്ഥാനങ്ങൾക്ക് വലിയ പ്രചോദനമായി. പ്രാചീനമായ ഗുരുകുലപഠനം വീണ്ടും പ്രചാരത്തിൽ കൊണ്ടു വന്നു.

1883-ലെ ദീപാവലി ദിനത്തിൽ ഭൗതികശരീരം വെടിഞ്ഞെങ്കിലും മഹർഷി ദയാനന്ദൻ പകർന്നുനൽകിയ സത്യാന്വേഷണത്തിന്റെയും വേദപ്രചാരണത്തിന്റെയും സാമൂഹിക പരിഷ്കരണത്തിന്റെയും സന്ദേശം ഇന്നും ലോകത്തിന് വഴികാട്ടിയാണ്.

ഈ നിർവാണദിനത്തിൽ ആ മഹർഷിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കാം. അദ്ദേഹം ഉയർത്തിപ്പിടിച്ച സത്യം, ജ്ഞാനം, ധർമ്മം, സമത്വം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി മുന്നോട്ടുപോകാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.

മഹർഷിയുടെ സന്ദേശം കാലാതീതമാണ്; അദ്ദേഹത്തിന്റെ ദർശനം മാനവരാശിയുടെ മാർഗദീപവുമാണ്.

ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ। (ഋഗ്വേദം 1.89.1)

“എല്ലാ ദിക്കുകളിൽ നിന്നും ഉത്തമചിന്തകൾ നമ്മിലേക്ക് വന്നുചേരട്ടെ” എന്ന വൈദിക സന്ദേശം ജീവിതവ്രതമാക്കിയ മഹർഷി ദയാനന്ദസരസ്വതിയുടെ സ്മരണയ്ക്കുമുന്നിൽ ശതകോടി പ്രണാമങ്ങൾ.
ഓം കൃണ്വന്തോ വിശ്വമാര്യം! (ഋഗ്വേദം 9.63.5)
“ലോകത്തെ ശ്രേഷ്ഠമാക്കുക.”

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ.

🙏
കെ. എം. രാജൻ മീമാംസക്
ആര്യസമാജം പ്രചാരകൻ & അധിഷ്ഠാതാവ്
കാറൽമണ്ണ വേദഗുരുകുലം &
ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page