ആമുഖം തുടർച്ച…..

ബ്രഹ്മം അഥവാ ഈശ്വരൻ സച്ചിദാനന്ദ സ്വരൂപനാണ്. പ്രകൃതി, പുരുഷൻ, പരമാത്മാവ് എന്നീ മൂന്ന് മൂലതത്ത്വങ്ങൾ അനാദിയാകുന്നു. അതായത് പ്രകൃതിയെന്ന സത് , സത് ചിത് ഇവ ചേർന്ന ജീവാത്മാവ് , സത് ചിത് ആനന്ദം ഇവ ചേർന്ന പരമാത്മാവ്. ഇവക്കു മുന്നിനും ആദിയും അന്തവുമില്ല. ഇവയെക്കുറിച്ചുള്ള വിവേകമാണ് ഈശ്വരസാക്ഷാൽക്കാരത്തിലേക്ക് മനുഷ്യനെ നയിക്കുന്നത് ഇതാണ് ഉപനിഷത്തുകളുടെ ലക്ഷ്യവും.
ഈ മൂന്നു തത്ത്വങ്ങളും ബ്രഹ്മാണ്ഡത്തിലുണ്ട്. ഒരു ജീവ ശരീരത്തിലുമുണ്ട്. ഇതിൽ രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് സ്ഥൂല ശരീരം, രണ്ട് ചേതന ഇതിൽ സ്ഥൂല ശരീരത്തെ നമുക്കു കാണാം, സ്പർശിക്കാം, അനുഭവിക്കാം. പക്ഷേ ചേതനയെ അഥവാ ജീവാത്മാവിനെ നമുക്കു കാണാനോ സ്പർശിക്കാനോ സാദ്ധ്യമല്ല. എന്നാൽ ഒരു മുറിക്കുള്ളിൽ ഒരു വിളക്കുതെളിഞ്ഞിരിക്കുമ്പോൾ ആ മുറിക്കുള്ള ലെ മറ്റു വസ്തുക്കൾ നമുക്ക് അനുഭവവേദ്യമാകുകയും വിളക്കുകെടുമ്പോൾ ഒന്നും അനുഭവവേദ്യമാകാതെ സർവ്വത്ര അന്ധകാരം മാത്രമാകുകയും ചെയ്യുന്നു. അതുപോലെ ജീവ ശരീരത്തിൽ ചേതനയായ വിളക്കു പ്രകാശിക്കുമ്പോൾ നമുക്ക് എല്ലാം കാണാനും അനുഭവിക്കാനും ഉല്ലാസവാനാകാനും സാധിക്കുന്നു. ആ വിളക്കുകെടുമ്പോൾ സർവ്വത്ര ഇരുളാണ്. ഒന്നും കേൾക്കില്ല. ഒന്നും കാണില്ല,തൊട്ടാൽ അറിയുകയുമില്ല. ഇതിൽ നിന്നും വ്യക്തമാകുന്നത് ഈ ശരീരത്തിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ജീവാത്മാവാണ് ശരീരത്തെ ചൈതന്യവത്താക്കുന്നതും അതിനെ മുഴുവൻ സദാ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതും എന്നാണ് പ്രകൃതിയുടെയും ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സംയോഗമാണ് ജീവ ശരീരം. ഈ ത്രൈതത്തെ ഉപനിഷത്ത് ഇങ്ങനെ വർണ്ണിക്കുന്നു.
“ദ്വാ സുപർണാ സയുജാ സഖായാ
സമാനം വൃക്ഷം പരിഷസ്വജാതേ
തയോരന്യ: പിപ്പിലം സ്വാദത്ത്യ-
നശ്നന്നന്യോ അപിചാക ശീതി “

ഈ മന്ത്രം ഋഗ്വേദം 1.164.20, മുണ്ഡകോപനിഷത്ത് 3.1.1, കഠോപനിഷത് 3.1, ശ്വേതാശ്വതരം 4.6 ലും കാണുന്നു.
സദാ ഒന്നു ചേർന്നിരിക്കുന്ന മിത്രങ്ങളായ രണ്ടു പക്ഷികൾ ഒരു വൃക്ഷത്തിൽ ആലിംഗനം ചെയ്തു കൊണ്ടിരിക്കുന്നു. അവയിൽ ഒന്ന് പഴം സ്വദോടെ ഭക്ഷിക്കുന്നു. മറ്റേത് നോക്കിയിരിക്കുന്നു. ഇതിൽ ഫലം സ്വാദോടെ ഭക്ഷിക്കുന്ന പക്ഷി ജീവാത്മാവാണ്. നോക്കിയിരിക്കുന്ന പക്ഷി പരമാത്മാവാണ്. ഇവ രണ്ടും ചൈതന്യമാണ്. വൃക്ഷം പ്രകൃതിയാണ്. പ്രകൃതി ജഡമാണ്. അധ്യാത്മികാർത്ഥത്തിൽ പ്രകൃതിയുടെയും ചൈതന്യമായ ജീവാത്മാവിന്റെയും സംയോഗമാണ് ജീവശരീരം അഥവാ പിണ്ഡാണ്ഡം (Microcosam) എന്നു കാണാം അതുപോലെ തന്നെ അടുത്ത ചൈതന്യമായ പരമാത്മാവിന്റെയും പ്രകൃതിയുടെയും സംയോഗമാണ് ബ്രഹ്മാണ്ഡം (Macrocosam) എന്ന് ആധിദൈവി കാർത്ഥത്തിൽ വ്യാഖ്യാനിക്കുമ്പോൾ ഗ്രഹിക്കാം. ഉപനിഷത്തുകളിൽ പലയിടത്തും ആത്മാവിന്റെ ഈ ഏക തത്ത്വത്തെ നമുക്കു ദർശിക്കുവാൻ സാധിക്കും. ഈ ദർശനമാണ് ഉപനിഷത് പഠനത്തിലൂടെ ലഭിക്കേണ്ടത്.


തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.
അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ)


You cannot copy content of this page