മന്ത്രം 1

ഓം ഈശാവാസ്യമിദങ് സർവം
യത്കിംച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാ
മാ ഗൃധഃ കസ്യ സ്വിദ്ധനമ് (1)

ശ്രീനാരായണ ഗുരുസ്വാമികളുടെ
ഈശാവാസ്യോപനിഷത് മലയാള പരിഭാഷ:

ഈശൻ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം.

അർത്ഥം :-
ഇദം സർവ്വം = ഇത് എല്ലാം
യത് കിഞ്ച = എല്ലാം തന്നെ
ജഗത്യാം ജഗത് = ഈ ചലനാത്മകമായ സർവ്വ ചരാചരങ്ങളിലും
ഈശാവാസ്യം = ഈശ്വരൻ ആഛാദിതമാണ്.
തേന = ആ ഈശ്വരന്റ പ്രേരണയാൽ
ത്യക്തേന = ത്യാഗ ഭാവത്തോടെ
ഭുഞ്ജീഥാ = പദാർത്ഥങ്ങൾ ഉപഭോഗം ചെയ്യുക.
കസ്യ സ്വിത് = മറ്റാരുടെയും ധനം
മാഗൃധാ = അത്യാഗ്രഹിക്കരുത്.

ഗതിശീലമുള്ള ഈ പ്രപഞ്ചത്തിൽ ഈശ്വരൻ സർവ്വവ്യാപിയായി ആവസിക്കുന്നു. അതിനാൽ ഒന്നിനോടും ഒട്ടലില്ലാതെ അത്യാഗ്രഹമില്ലാതെ ത്യാഗഭാവത്തോടെ ഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് ഇവിടെ ജീവിക്കുക എന്നു സാമാന്യാർത്ഥം.
ഉപനിഷത്തിലെ ആദ്യ മൂന്നു മന്ത്രങ്ങൾ നാമനുഷ്ഠിക്കേണ്ട അഞ്ചു പ്രകാരത്തിലുള്ള കർത്തവ്യങ്ങളെ വെളിവാക്കുന്നതാണ്.
ഒന്നാമത്തെ കർത്തവ്യം ഈശ്വരൻ ഗതിശീലമുള്ള ജഗത്തിൽ സർവ്വ പദാർത്ഥങ്ങളെയും ചലിപ്പിച്ചു കൊണ്ട് സർവ്വവ്യാപിയായി നിലകൊള്ളുന്നു എന്ന് തിരിച്ചറിയുക എന്നതാണ്.
പ്രപഞ്ചത്തിൽ സ്ഥാവരവും ജംഗമവുമായ അനേകം പദാർത്ഥങ്ങളുണ്ട്. ഇവയെല്ലാം സദാ ചലിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ഭൂമി ഒരു മണിക്കൂറിൽ 1040 മൈൽ വേഗതയിൽ ചലിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നമുക്കത് അനുഭവവേദ്യമല്ല എന്നു മാത്രം. അതുപോലെ സകല പദാർത്ഥങ്ങളും പരിവർത്തനത്തിന് അഥവാ പരിണാമത്തിനു വിധേയമാണ്. ഇതും ഒരു തരം ചലനമായി വിശേഷിപ്പിക്കാം. സംസ്കൃത ഭാഷയിൽ ചലിച്ചുകൊണ്ടിരിക്കുന്ന പദാർത്ഥങ്ങളെ ജഗത് എന്നു പറയുന്നു. ഈ ചലനങ്ങളൊന്നും തന്നെ അബദ്ധങ്ങളല്ല. എല്ലാം പരസ്പരം ഓത പ്രോതമായി ബന്ധിച്ചിരിക്കുന്നു എന്ന് നിരീക്ഷണങ്ങളിലൂടെ വ്യക്തമാകുന്നതാണ്. കാരണം എല്ലാ ചലനത്തിന്റെയും അടിസ്ഥാന നിയമവും നിയാമകനും ഒന്നാണ്. അതിനാൽ സർവ്വശക്തനായ ഈശ്വരൻ ഉണ്ടായ സർവ്വതിനും ഗതിയെ നൽകുന്നതോടൊപ്പം സർവ്വതിലും വ്യാപിച്ചിരിക്കുന്നുവെന്ന്
സ ഭൂമിം സർവ്വതസ്പൃത്വാ അത്യ തിഷ്ഠ ദശാംഗുലമ് എന്ന പുരുഷസൂക്ത മന്ത്രം നമുക്കു വ്യക്തമാക്കിത്തരുന്നു.
ജഗത് ഗതിശീലമുള്ളതും ഈശ്വരൻ ഗതിയെ നൽകുന്നവനുമാണ്. അതുപോലെ തന്നെ ജഗത് പരിവർത്തന ശീലമുള്ളതും ഈശ്വരൻ പരിവർത്തന ശീലമില്ലാത്തതും ആണ്. എന്നാൽ ഈശ്വരൻ സർവ്വതിനും അന്തര്യാമിയായി വർത്തിച്ചു കൊണ്ട് പരിവർത്തനത്തിനു പ്രേരണയേകുകയും ചെയ്യുന്നു. വിശ്വസ്യമീഷതോ വശീ എന്ന വേദ വാക്യം ഇതു സൂചിപ്പിക്കുന്നു.
തനിക്കതീതമായ ഒരു ശക്തിയുണ്ട് എന്ന വിശ്വാസം നാം മനസ്സിൽ ഉറപ്പിക്കണം. ആകാശത്തിൽ വസ്തുക്കൾ നിൽക്കുന്നതു പോലെ തനിക്കു ചുറ്റും ഉള്ളിലും ഈശ്വരൻ സർവ്വത്ര വ്യാപിച്ചിരിക്കുന്നു. ശർക്കരയിൽ മധുരം വ്യാപിച്ചിരിക്കുന്നതു പോലെയാണിത്. അതു കൊണ്ട് ശർക്കരയെന്നാൽ മധുരമാണ് എന്നു പറയാൻ സാധിക്കില്ലല്ലൊ. മധുരം ശർക്കരയാണെന്നും പറയാനാവില്ല. എന്നാൽ ശർക്കരയിൽ സർവ്വത്ര മധുരമുണ്ടുതാനും. ഈശ്വരൻ പ്രപഞ്ചത്തിൽ സർവ്വത്രയുണ്ടെന്നും ഈശ്വരനില്ലാത്ത ഒരിടവുമില്ലെന്നും ഗ്രഹിക്കണം.


തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.
അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ


You cannot copy content of this page