കടയിരുപ്പ്: ആര്യസമാജത്തിന്റെ പ്രമുഖ പ്രചാരകനും മഹർഷി ദയാനന്ദ സരസ്വതിയുടെ ശിഷ്യപരമ്പരയിലെ പ്രമുഖനുമായിരുന്ന മഹാത്യാഗി സ്വാമി ശ്രദ്ധാനന്ദിന്റെ 100-ാം ബലിദാനവാർഷികത്തോടനുബന്ധിച്ച് ആര്യസമാജം കേരളത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം കോലഞ്ചേരിക്കടുത്തുള്ള കടയിരുപ്പ് മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
നവംബർ 15 ഞായറാഴ്ച രാവിലെ, ബൃഹദ് അഗ്നിഹോത്രത്തോടെ തുടക്കം കുറിച്ച പരിപാടി കുന്നത്തുനാട് എം.എൽ.എ ശ്രീ. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആര്യപ്രചാരകൻ ശ്രീ. കൈലാസി പ്രേംകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.
പൂജനീയ സ്വാമി ദർശനാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ആചാര്യ ഡോ. ആനന്ദ് രാജ് ജി ‘സ്വാമി ശ്രദ്ധാനന്ദനും നവോത്ഥാനവും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
വൈദിക സാഹിത്യലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംപൂജ്യ സ്വാമി ശ്രീ ദർശനാനന്ദ സരസ്വതിക്ക് ‘ശ്രദ്ധാനന്ദ പുരസ്കാരം’ സമർപ്പിച്ചു. വൈദിക ജ്ഞാനത്തിന്റെയും ആത്മീയ മൂല്യങ്ങളുടെയും പ്രചാരണരംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകിയത്.
ആര്യസമാജ പ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ കെ.എം. രാജൻ മീമാംസക് രചിച്ച ‘വേദങ്ങൾ തന്നെയാണ് ഈശ്വരീയ ജ്ഞാനം’, ‘ഋഗ്വേദത്തിന്റെ ഋക് സംഖ്യ’ എന്നീ രണ്ട് വൈദിക ഗ്രന്ഥങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. വൈദിക സാഹിത്യപഠനത്തിനും വേദങ്ങളുടെ അറിവ് സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകമായ ഗ്രന്ഥങ്ങളാണിവ.
കൂടാതെ, ‘ശ്രദ്ധ’ ഓൺലൈൻ പരീക്ഷയിൽ വിജയികളായവർക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടന്നു. വൈദിക പഠനത്തിലും ഭാരതീയ സംസ്കാരത്തിലും പുതിയ തലമുറയുടെ താൽപര്യം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഈ സംരംഭം.
ആചാര്യ കലൂർ പി.കെ. ജയൻ, ശ്രീ കെ.എം. രാജൻ മീമാംസക് തുടങ്ങിയവർ ആശംസകൾ നേർന്നു.സ്വാമി ശ്രദ്ധാനന്ദിന്റെ ധീരമായ ജീവിതവും ത്യാഗവും സാമൂഹിക നവോത്ഥാനത്തിനും വൈദിക ആദർശങ്ങളുടെ പ്രചാരണത്തിനും നൽകിയ സംഭാവനകളും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ആര്യസമാജ പ്രവർത്തകരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.






