‘ഈശ്വരനെ സ്തുതിക്കുന്നത് കാര്യസാധ്യത്തിനായി ചെയ്യുന്ന ഒരു പൊങ്ങച്ചമല്ലേ’ ? അന്ധേനൈവ നീയമാനാ യഥാന്ധാഃ ‘ (മുണ്ഡകോപനിഷത് 2.8) എന്ന് ഉപനിഷത്തുകൾ വർണ്ണിക്കുന്ന ആധ്യാത്മിക അപചയം മൂലമാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. എന്നിരുന്നാലും ഏതു വൈദിക വിഷയത്തെക്കുറിച്ചും ആർക്കും നിസ്സങ്കോചം ചോദിക്കാവുന്ന ഒരേ ഒരു പ്രസ്ഥാനം ആര്യസമാജം മാത്രമാണ്. അതിനാൽ ഈ ചോദ്യത്തിനും ഒരു മറുപടി നൽകുകയാണ്.

സത്യം, ധർമ്മം, തീർത്ഥം, വിദ്യ, സ്വർഗം, പാപ പുണ്യങ്ങൾ എന്നീ നൂറോളം പദങ്ങൾ ലൗകിക അർത്ഥത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് മഹർഷി ദയാനന്ദ സരസ്വതി ഈ പദങ്ങളെയെല്ലാം വൈദിക അർത്ഥത്തിലേക്ക് അഥവാ യഥാർത്ഥ അർത്ഥത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചതും അതിന്റെ ഭാഗമായി ‘ആര്യോദ്ദേശ്യ രത്നമാല‘ രചിച്ചതും. കാലമിത്ര ആയിട്ടും ഇത് വേണ്ട രീതിയിൽ പ്രചരിക്കപ്പെട്ടില്ല. അതു കൊണ്ടാണ് ഇത്‌ നമ്മൾ പഠന പദ്ധതിയിൽ ഉൾപ്പെടുത്തിയത്. നമ്മൾ കേട്ടു പരിചയിച്ച ഓരോ വാക്കുകളുടെയും അർത്ഥതലം വേറൊന്നാണെന്ന അറിവ് അതൊരു തിരിച്ചറിവ് തന്നെ ആയിരുന്നു. സാധാരണ ‘സ്തുതി’ എന്ന് കേൾക്കുമ്പോൾ നമ്മൾ ധരിച്ചു വെച്ചിട്ടുള്ള അർത്ഥമല്. ഇത്തരം തിരിച്ചറിവ് നമുക്കില്ലാതെ പോകാൻ കാരണം എന്താണ്? അതിന് ഉത്തരം വദിക്കേണ്ടവർ അഥവാ ഉത്തരവാദികൾ ആരാണ്? മഹാഭാരത യുദ്ധാനന്തരം സംഭവിച്ച സമാജസംസ്കാരലോപം നമ്മെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചു. യോഗേശ്വരനായ ശ്രീകൃഷ്ണനെയും മറ്റു മഹാന്മാരെയും കുറിച്ചുള്ള സ്തുതി ഗീതങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ഗീതങ്ങൾ കേട്ടാൽ നമുക്കത് മനസ്സിലാകും. “വേഷം കെട്ടി നടന്നൊനേ…. വേദനയിൽ ചിരിച്ചോനെ… ” വേഷം കെട്ടി നടന്ന്, മറ്റുള്ളവരുടെ വേദനയിൽ ചിരിച്ചു രാസലീലയാടുന്ന ഒരുവൻ ആണോ ശ്രീകൃഷ്ണൻ? പ്രാസം ഒപ്പിച്ചു ചമച്ചുണ്ടാക്കിയ ഇത്തരം ഗീതങ്ങൾ സ്തുതി ഗീതങ്ങളായും ഭക്തി ഗാനങ്ങൾ ആയും ക്ഷേത്രങ്ങളിൽ ഉച്ചത്തിൽ കേൾക്കാം. മഹാക്ഷേത്രങ്ങളിൽ ദീപാരാധനക്ക് നട അടക്കുമ്പോൾ വാദ്യഘോഷത്തോടെ ഭക്തിയുടെ ‘പര കാഷ്ഠയിൽ’ ആലപിക്കുന്ന ‘അഷ്ടപദി’ യുടെ വ്യാഖ്യാനം ആരെങ്കിലും ആവശ്യപ്പെട്ടാൽ അതെങ്ങനെ വിവരിക്കും എന്ന് ഞങ്ങൾക്കറിയില്ല. ‘മീശ’ നോവലിനെക്കാളും വലിയൊരു വിവാദം അതുണ്ടാക്കിയേക്കാം.
‘വെണ്ണ കട്ടവ’നും ‘വസ്ത്രം കട്ടവനു’മാക്കിയല്ലാതെ അദ്ദേഹത്തിന്റെ നേതൃത്വ പാടവവും മഹത്വവും ഗീതാക്ലാസ്സിൽ അല്ലാതെ മറ്റെവിടെയും സ്തുതിച്ചു കണ്ടിട്ടില്ല. മഹാന്മാരെ ഇത്തരത്തിൽ നിന്ദിച്ചു പാടുന്നത് ‘സ്തുതി’ക്കലായി കൊണ്ടാടുന്നു നമ്മുടെ സമൂഹം. മിക്ക മഹാന്മാരെ ചുറ്റിപ്പറ്റിയും ഇത്തരം കഥകൾ പ്രചരിച്ചിട്ടുണ്ട്. പ്രചേതസ്സ് മഹർഷിയുടെ പത്താമത്തെ പുത്രനെ ‘രത്നാകരൻ’ എന്ന കൊള്ളക്കാരനും പിന്നീട് വാത്മീകിയും ആക്കിയത് നാം വേദനയോടെ കണ്ടിരുന്നു. കാളിദാസൻ, തുളസീദാസ് എന്നിവരെ കുറിച്ച് പ്രചരിച്ചിരുന്ന കഥകളും നമുക്ക് അറിയാം.

“ഈശ്വരനെ സ്തുതിച്ചു പ്രീതി നേടാമെന്നോ? “. ഗുണഗാനങ്ങൾ ചൊല്ലുന്നത് മൂലം ഗുണമുള്ള പദാർത്ഥങ്ങളിൽ നമുക്ക് പ്രീതിയുണ്ടാകുന്നു എന്നാണ് പറഞ്ഞത്. പരമേശ്വരൻ സർവഥാ ദോഷരഹിതനാണ്. അപ്പോൾ ഈശ്വരന്റെ പ്രീതി നമുക്ക് കിട്ടുമെന്നല്ല, ഈശ്വരനിൽ നമുക്ക് പ്രീതി തോന്നുന്നു എന്നാണിവിടെ വ്യക്തമാക്കിയത്. “അപ്പോൾ സ്തുതിച്ചാൽ (പൊക്കിപ്പറഞ്ഞാൽ )സന്തോഷിക്കുന്ന ഒരു നാട്ടുപ്രമാണിയും ഈശ്വരനും ഒരു പോലെയല്ലേ ” ഇതാണ് സംശയത്തിന്റെ രണ്ടാം ഭാഗം. ‘. ആരെയെങ്കിലും പ്രസന്നനാക്കുന്നതിനായി മിഥ്യാപ്രശംസ നടത്തുന്നത് സ്തുതി അല്ല പൊങ്ങച്ചമാണ്‌. അത് ത്യജിക്കേണ്ടതുമാണെന്നു ആദ്യമേ പറഞ്ഞു കഴിഞ്ഞു.


കെ.എം.രാജൻ
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദ ഗുരുകുലം, കാറൽമണ്ണ

Image Courtesy: Just Pray


You cannot copy content of this page