അഗ്നിസൂക്തം ഒന്നാം മന്ത്രം വ്യാഖ്യാനം (തുടർച്ച)
✍️ കെ. എം. രാജൻ മീമാംസക്
പ്രശാസിതാരം സർവ്വേഷാമണീയാംസമണോരപി |
രുക്മാഭം സ്വപ്നധീഗമ്യം വിദ്യാത് തം പുരുഷം പരമ് ||1 ||
ഏതമേകേ വദന്ത്യഗ്നിം മനുമന്യേ പ്രജാപതിമ് |
ഇന്ദ്രമേകേfപരേ പ്രാണമപരേ ബ്രഹ്മ ശാശ്വതമ് ||2||
(മനുസ്മൃതി 12.122,123)
മനുവിന്റെ ഈ രണ്ടു ശ്ലോകങ്ങളിലും പരമേശ്വരന്റെ അഗ്നി മുതലായ നാമങ്ങൾ പ്രസിദ്ധമാണ്.
ഈളേ അഗ്നിം വിപശ്ചിതം ഗിരാ യജ്ഞസ്യ സാധനമ് | ശ്രുഷ്ടീവാനം ധിതാവാനമ് || (ഋഗ്വേദം – 3.27.2)
ഈ ഋഗ്വേദപ്രമാണത്താലും ആ അനന്ത വിദ്യായുക്തൻ, ചേതനസ്വരൂപൻ എന്നീ ഗുണങ്ങളുള്ള പരമേശ്വരനെ ഗ്രഹിക്കുന്നു.
ഇനി ഭൗതികാർത്ഥങ്ങളെ ഗ്രഹിക്കുന്നതിനുള്ള പ്രമാണങ്ങൾ നൽകാം.
യദശ്വം തം പുരസ്താദുദശ്രയംസ്തസ്യാഭയേനാഷ്ട്രേനിവാതേfഗ്നിരജായത തസ്മാദ്യത്രാഗ്നിം മന്ഥിഷ്യന്ത്സ്യാത്ത ദശ്വമാനേതവൈ ബ്രൂയാത് | സ പൂർവ്വേണോപതിഷ്ഠതേ വജ്രമേവൈതദുച്ഛ്രയന്തി തസ്യാഭയേ നാഷ്ട്രേ നിവാതേfഗ്നിർജായതേ |
(ശതപഥബ്രാഹ്മണം 2.1.4.16)
വൃഷോ അഗ്നി: | അശ്വോ ഹ വാ ഏഷ ഭൂത്വാ ദേവേഭ്യോ യജ്ഞം വഹതി |
(ശതപഥബ്രാഹ്മണം 1.3.3.29-30)
ഇതുപോലുള്ള ശതപഥബ്രാഹ്മണത്തിന്റെ പ്രമാണങ്ങളാലും അഗ്നി ശബ്ദത്താൽ ഭൗതികാഗ്നിയുടെ ഗ്രഹണമുണ്ടാവുന്നു. ഈ അഗ്നി കാളക്കു സമാനം എല്ലാ ദേശദേശാന്തരങ്ങളിലും എത്തിപ്പിക്കുന്നതായതിനാൽ വൃഷം, അശ്വം എന്നിങ്ങനെയും അറിയപ്പെടുന്നു. എന്തെന്നാൽ അത് കലകളാൽ അശ്വം – അതായത് ശീഘ്രം ചലിപ്പിക്കുന്നതായതിനാൽ ശില്പവിദ്യയെ അറിയുന്ന വിദ്വാന്മാരുടെ വിമാനം മുതലായ യാനങ്ങളെ വേഗത്താൽ വാഹനങ്ങൾക്ക് സമാനം ദൂരദേശങ്ങളിലേക്ക് എത്തിക്കുന്നു. തൂർണിർഹവ്യവാഡിതി (ശതപഥബ്രാഹ്മണം – 1.3.4.12). ഈ പ്രമാണത്താലും ഭൗതികാഗ്നിയുടെ ഗ്രഹണമുണ്ടാകുന്നു. എന്തെന്നാൽ അത് പറയപ്പെട്ട ശീഘ്രത തുടങ്ങിയ ഹേതുക്കളാൽ ഹവ്യവാട്, തൂർണി എന്നിങ്ങനെ അറിയപ്പെടുന്നു. അഗ്നിർവൈ യോനിർയജ്ഞസ്യ (ശതപഥബ്രാഹ്മണം 1.4.3.11). ഇത്തരത്തിലുള്ള മറ്റനേകം പ്രമാണങ്ങളാലും അശ്വനാമത്താൽ ഭൗതികാഗ്നിയെ ഗ്രഹിക്കുന്നു.
വൃഷോ അഗ്നി: സമിധ്യതേfശ്വോ ന ദേവവാഹന: | തം ഹവിഷ്മന്ത ഈളതേ ||
(ഋഗ്വേദം 3.27.14)
ഈ ഭൗതികാഗ്നിയെ ശില്പവിദ്യാവിദഗ്ദ്ധരായ പണ്ഡിതർ യന്ത്രകലകളാൽ സവാരികളിൽ പ്രദീപ്‌തമാക്കി യോജിപ്പിക്കുന്നു. അപ്പോൾ (ദേവവാഹനഃ) ആ സവാരികളിൽ ഇരിക്കുന്ന പണ്ഡിതരെ ദേശദേശാന്തരങ്ങളിൽ കാളകൾക്കോ കുതിരകൾക്കോ സമാനം വേഗത്തിൽ എത്തിക്കുന്നതാകുന്നു. അല്ലയോ മനുഷ്യരേ! നിങ്ങൾ (ഹവിഷ്മന്തമ്) വേഗാദി ഗുണങ്ങളുള്ള അശ്വരൂപമായ അഗ്നിയുടെ ഗുണങ്ങളെ (ഈളതേ) അന്വേഷിച്ചാലും. ഈ പ്രമാണത്തിലും ഭൗതികാഗ്നിയെ ഗ്രഹിക്കുന്നു.
ഭാവാർത്ഥം: ശ്ലേഷാലങ്കാരമുപയോഗിച്ച ഈ മന്ത്രത്തിൽനിന്ന് രണ്ടുതരത്തിലുള്ള അർത്ഥങ്ങൾ ഗ്രഹിക്കാവുന്നതാണ്. പിതാവിനു സമാനമായ കൃപചൊരിയുന്ന പരമേശ്വരൻ സമസ്ത ജീവജാലങ്ങളുടേയും ഹിതത്തിനും എല്ലാവിദ്യകളേയും അറിയുവാൻ പ്രാപ്തരാക്കുന്നതിനുമായി ഓരോ കല്പത്തിന്റെ ആരംഭത്തിലും വേദോപദേശം നൽകുന്നു. എങ്ങനെയാണോ പിതാവ് അഥവാ അധ്യാപകൻ പുത്രന്മാരെയും ശിഷ്യന്മാരേയും ‘നീ ഇങ്ങനെ ചെയ്യൂ അഥവാ ഇപ്രകാരം പറയൂ, സത്യവചനം ചൊല്ലൂ ‘ എന്നിങ്ങനെ ഉപദേശിക്കുമ്പോൾ ബാലകന്മാരും ശിഷ്യന്മാരും സത്യം മാത്രമേ പറയൂ, പിതാവിനെയും ആചാര്യനേയും സേവിക്കും, അസത്യം പറയുകയില്ല എന്നിങ്ങനെ പ്രവർത്തിക്കുന്നത്, ഇത്തരത്തിലുള്ള ഉപദേശങ്ങൾ പോലെ തന്നെയാണ് ‘അഗ്നിമീളേ’ തുടങ്ങിയ വേദമന്ത്രങ്ങളാലും അറിയേണ്ടത്. എന്തെന്നാൽ ഈശ്വരൻ സമസ്ത ജീവജാലങ്ങളുടേയും സുഖത്തിനുവേണ്ടിയാണ് വേദങ്ങളെ പ്രകടമാക്കിയത്. അഗ്നിമീളേ എന്ന മന്ത്രത്തിൽ പരോപകാരം ഫലമാവുന്നതിനാൽ ‘ഈളേ’ എന്ന പദം ഉത്തമപുരുഷനായിട്ടാണ് പ്രയോഗിച്ചിരിക്കുന്നത്. (അഗ്നിമീളേ …..) പരമാർത്ഥത്തിന്റേയും വ്യവഹാരവിദ്യയുടേയും സിദ്ധിക്കുവേണ്ടി അഗ്‌നിശബ്ദത്തെ പരമേശ്വരൻ, ഭൗതികം എന്നീ രണ്ടർത്ഥങ്ങളായി എടുക്കുന്നു. പണ്ടുകാലത്ത് ആര്യന്മാർ അശ്വവിദ്യയുടെ പേരിൽ ശീഘ്രഗമനത്തിന്റെ ഹേതുവായ ശില്പവിദ്യയെ ഉല്പന്നമാക്കിയിരുന്നു. അത് അഗ്നിവിദ്യയുടെ തന്നെ ഉന്ന തിയായിരുന്നു. സ്വയം പ്രകാശമുള്ളവൻ, എല്ലാറ്റിന്റേയും പ്രകാശകൻ, അനന്ത ജ്ഞാനവാൻ തുടങ്ങിയ ഹേതുക്കളുള്ളതിനാൽ അഗ്നി ശബ്ദത്താൽ പരമേശ്വരനെ ഗ്രഹിക്കണം. അതുപോലെ രൂപം, ദാഹം, പ്രകാശം, വേഗം, ഛേദനം മുതലായ ഗുണങ്ങളുള്ളതിനാലും ശില്പവിദ്യയുടെ മുഖ്യ ഘടകം മുതലായ ഹേതുക്കളാലും പ്രഥമ മന്ത്രത്തിൽ ഭൗതികാർത്ഥത്തേയുംഗ്രഹിക്കുന്നു.🙏
(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
