അഗ്നിസൂക്തം ഏഴാമത്തെ മന്ത്രം
✍️കെ. എം. രാജൻ മീമാംസക്
ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ഏഴാമത്തെ മന്ത്രം
മധുച്ഛന്ദാ വൈശ്വാമിത്ര ഋഷി: | അഗ്‌നിർദേവതാ |
ഗായത്രീ ഛന്ദ: | ഷഡ്ജ: സ്വര: ||
ഉപ ത്വാഗ്നേ ദിവേദിവേ ദോഷാവസ്തർധിയാ വയമ്|
നമോ ഭരന്ത ഏമസി ||7||
(ഋഗ്വേദം 1.1.7)
പദാർത്ഥം:- (അഗ്നേ) അല്ലയോ! എല്ലാവർക്കും ഉപാസിക്കാൻ യോഗ്യനായ പരമേശ്വര! ഞങ്ങൾ (ദിവേദിവേ) അനേക പ്രകാരത്തിലുള്ള വിജ്ഞാനങ്ങൾ ഉണ്ടാവാൻ (ധിയാ)സ്വന്തം ബുദ്ധിയാലും കർമ്മങ്ങളാലും അങ്ങയുടെ (ഭരന്ത:) ഉപാസനയെ ധാരണം ചെയ്ത് (ദോഷാവസ്ത:) ദിനരാത്രം നിരന്തരം (നമ:) നമസ്കാരാദികൾ നടത്തിക്കൊണ്ട് (ഉപൈമസി) അങ്ങയുടെ ശരണാഗതിയെ പ്രാപിക്കുന്നു.
ഭാവാർത്ഥം:- അല്ലയോ! സർവ്വദ്രഷ്ടാവും, എല്ലാറ്റിലും വ്യാപിച്ചുകൊണ്ടിരിക്കുന്നവനും, ഉപാസനക്ക് യോഗ്യനുമായ പരമേശ്വര! ഞങ്ങൾ സർവ്വകാര്യങ്ങളും ചെയ്യുന്ന സമയത്ത് ഒരു ക്ഷണം പോലും അങ്ങയെ വിസ്മരിക്കുന്നില്ല. അക്കാരണത്താൽ ഞങ്ങൾക്ക് അധർമ്മം ചെയ്യാനുള്ള ആഗ്രഹം പോലും ഉണ്ടാവുന്നില്ല. എന്തെന്നാൽ സർവജ്ഞനും, സർവ്വസാക്ഷിയുമായ പരമേശ്വരൻ ഞങ്ങളുടെ എല്ലാ കർമ്മങ്ങളേയും കാണുന്നുണ്ട് എന്ന നിശ്ചയം ഞങ്ങൾക്കുണ്ട്.
(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
