വേദങ്ങളുടെ മൂലമന്ത്രങ്ങളുടെ സുരക്ഷിത രൂപമാണ് സംഹിത. ആദികാലങ്ങളിൽ സംഹിതയിൽ നിന്നു തന്നെ വേദാർത്ഥങ്ങൾ ഗ്രഹിച്ചിരുന്നു. പിന്നീട് സംഹിതയുടെ അർത്ഥഗ്രഹണ പാടവത്തിനുണ്ടായ അപചയം ഓരോ വേദത്തിനും ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ എന്നീ വേദവ്യാഖ്യാനങ്ങൾ ഉണ്ടാകാൻ കാരണമായി. അതിൽ കർമ്മാധിഷ്ഠിതമായ വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. ഋഗ്വേദത്തിനു ഐതരേയം യജുർവേദത്തിനു ശതപഥം സാമവേദത്തിന് സാമം അഥർവവേദത്തിന് ഗോപഥം എന്നിവയാണ് പൊതുവേയുള്ള ബ്രാഹ്മണങ്ങൾ. ഗൃഹസ്ഥാശ്രമ കാലത്താണല്ലൊ കൂടുതൽ കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടി വരിക. അതിനാൽ ഗൃഹസ്ഥാശ്രമികൾ അനുഷ്ഠിക്കേണ്ടതായ കർമ്മങ്ങൾ ബ്രാഹ്മണങ്ങളിൽ വിവരിക്കുന്നു. വാനപ്രസ്ഥികൾക്കുള്ളതാണ് ആരണ്യകങ്ങൾ. വാനപ്രസ്ഥ കാലത്ത് ആചരിക്കേണ്ടതായ കർമ്മങ്ങളും മനനം, ചിന്തനം, സ്വാദ്ധ്യായം എന്നിവക്കുതകുന്ന ഗുഹ്യമായ ശാസനകളും അടങ്ങിയതാണ് ആരണ്യകങ്ങൾ. ഇന്നു ലഭ്യമായ ആരണ്യകങ്ങൾ ഋഗ്വേദത്തിന്റെ ഐതരേയം, കൗഷീതകി, ശംഖായനം, യജുർവേദത്തിന്റെ ബൃഹദാരണ്യകം, തൈത്തിരീയം, മൈത്രാ യണീയം, എന്നിവയും സാമവേദത്തിന് തലവകാരം , അഥർവവേദത്തിന് ഒന്നും ലഭ്യമല്ല. അതിനു ശേഷം വരുന്ന വേദവ്യാഖ്യാനങ്ങളാണ് ഉപനിഷത്തുകൾ. ഇതിലേറെയും ആദ്ധ്യാത്മികമായ ജിജ്ഞാസയുടെയും മനനചിന്തനങ്ങളുടെയും അനുഭൂതി തലങ്ങളുടെയും വികസിതമായ വ്യാഖ്യാനങ്ങളാണ്. എന്നാൽ ദശോ പനിഷത്തുകളിൽ പോലും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും കൂടിക്കലർന്നു കാണുന്നുണ്ട്. കർമ്മജ്ഞാന സമന്വയവും അക്ഷരബ്രഹ്മ വിവേകവും നിറഞ്ഞ ഉപനിഷത്തുകൾ മനുഷ്യനെ പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്കു നയിക്കുന്ന മന്ത്രവ്യാഖ്യാനങ്ങളാണ്. പ്രാമാണികവും അപ്രാമാണികവുമായ നൂറ്റമ്പതോളം ഉപനിഷത്തുകൾ ഇന്നു ലഭ്യമാണ്.അതിൽ പത്തുപനിഷത്തിനെ കുറിച്ച് മുക്തി കോപനിഷത്ത് പ്രകീർത്തിക്കുന്നു.
ഈശ-കേന-കഠ പ്രശ്ന-മുണ്ഡ-മാണ്ഡൂക്യ – തിത്തിരി – ഐതരേയം ച ഛാന്ദോഗ്യം – ബൃഹദാരണ്യകം തഥാ.ഉപ- നി- സദ് എന്നീ മൂന്നു പദങ്ങൾ ചേർന്ന് ഉപനിഷദ് എന്ന നാമരൂപം നിഷ്പന്നമാകുന്നു. ഉപ = ഗുരുവിന്റെ സമീപം നി = നിഷ്ഠാപൂർവ്വം സദ് = ഇരിക്കുക എന്നു സാമാന്യാർത്ഥം.
ഏതൊരു വിദ്യ ഗുരുവിനു സമീപം ഇരുന്നു പഠിക്കുന്നുവോ അത് ഉപനിഷദ്. അനുഭവസമ്പത്തുള്ള ഗുരുവും അധികാരിയായ ശിഷ്യനും തമ്മിലുള്ള സംവാദമായിട്ടാണ് ഒട്ടുമിക്ക ഉപനിഷത്തുകളും രചിക്കപ്പെട്ടിരിക്കുന്നത്. മോക്ഷ വിദ്യ, ബ്രഹ്മവിദ്യ, ആത്മവിദ്യ എന്നിങ്ങനെ അറിയപ്പെടുന്ന ഉപനിഷത് സാധനാപ്രധാനവും അതീവ രഹസ്യവുമായ ശാസ്ത്രവും വേദങ്ങളുടെ വ്യാഖ്യാനവുമാണ്.
തയ്യാറാക്കിയത് ശ്രീ. കെ.കെ.ജയൻ, ആര്യ പ്രചാരക്.അവലംബം :- യജുർവേദം ദയാനന്ദ ഭാഷ്യം , ഈശാദി നൗ ഉപനിഷദ് – ശങ്കരഭാഷ്യം (ഗീതാ പ്രസ്സ് ), ദശോപനിഷത് വ്യാഖ്യാനം -ആചാര്യ നരേന്ദ്രഭൂഷൺ, സൃഷ്ടി രചനാ – ഗുരുദത്ത് , ഏകാദശോപനിഷത് – ഡോ. സത്യവ്രത സിദ്ധാന്താലങ്കാർ തുടങ്ങിയ ഗ്രന്ഥങ്ങൾ